Thursday, February 9, 2012

മറയൂരിലെ വിസ്മയക്കാഴ്ച്ചകൾ

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു. വ്യതസ്തമായ അനുഭവങ്ങൾ. അത്തരം ഒരു അനുഭവത്തിലേക്ക്…… ഇടുക്കി ജില്ലയെപ്പറ്റിയുള്ള എന്റെ വർണനകളും ഫോട്ടൊകളും ഡെൽഹിയിലെ എൻറ്റെ സഹപ്രവർത്തകനെ കുറച്ചുന്നുമല്ല കൊതിപ്പിച്ചിരുന്നത്.അതുകൊണ്ടുതന്നെ ഇത്തവണത്തെ അവധിക്ക് ഇടുക്കിയുടെ സൗന്ദര്യം കാണണമെന്നവൻ പറഞ്ഞിരുന്നു. ആലപ്പുഴക്കാരൻ ജോഷിക്ക് ഇടുക്കി കാണണം. ഇടുക്കി എന്നുപറഞ്ഞാൽ….. മലകൾ, വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടം, കാട്, വന്യജീവികൾ പിന്നെ ഡാമും. ഇതെല്ലാം കൂടിക്കാണാൻ പുള്ളിക്ക് ആകെയുള്ളത് ഒരു ദിവസവും. പണ്ടു പോയിട്ടുള്ള പലവഴികളുടെയും അനാട്ടമി ഒന്നും മാച്ചാകാതെ ഇരിക്കുംബോഴാണു ഡാഡിയുടെ ഉപദേശം, വണ്ണപ്പുറത്തു നിന്നും ചേലച്ചുവടു - മൂന്നാർ- മറയൂർ വഴി അമരാവതിക്കു പോയാലോ? പിറ്റേന്നു അതിരാവിലെ തന്നെ(9മണിക്ക്) ഞാനും ജോഷിയും എൻറ്റെ പുതുപുത്തൻ ഹീറൊഹോണ്ടാ സിബിസിയിൽ വലിഞ്ഞുകയറീ. വണ്ണപ്പുറത്തുനിന്നും മുണ്ടന്മുടി, വെണ്മണി, കഞ്ഞിക്കുഴി വഴി ചേലച്ചുവടു ലക്ഷ്യമാക്കി ഞങ്ങൾ പാഞ്ഞു. ഉദയസൂര്യന്റെ പൊൻ കിരണങ്ങളെറ്റു സ്വർണ്ണവർണമായ മലനിരകൾ സ്വാഗ്ഗതമരുളുന്നു. മഞ്ഞിന്റെ മേലാപ്പുകെട്ടിയ മലനിരകളെ നിമിഷാർദങ്ങൾക്കുള്ളിൽ കീഴടക്കിക്കൊണ്ട് ബൈക്ക് ചേലച്ചുവടെത്തി, ടേൺ ലെഫ്റ്റ്, എർണാകുളം- കട്ടപ്പന റൂട്ടിലൂടെ, പനംകുട്ടി ചെക്പോസ്റ്റും കടന്നു, പനംകുട്ടി പവ്വർസ്റ്റേഷനും കണ്ട്(പുറമെ നിന്ന്) ഒന്നാമത്തെ ഡെസ്റ്റിനേഷനായ കല്ലാർകുട്ടി ഡാം പരിസരത്ത് എത്തി. പിന്നീട് വെള്ളത്തൂവൽ പോലീസ് സ്റ്റേഷന്റെ മുൻപിൽനിന്നൂം ലെഫ്റ്റ് ടേൺ എടൂത്ത് സെങ്കുളം ഡാമും കടന്നു ആനച്ചാൽ വഴി കൊചി-മധുര ദേശീയപാതയിൽ എത്തി. മൂന്നാറിലേക്ക് എത്തും മുൻപേ തേയിലക്കാടുകളുടെ മാസ്മരിക സൗന്ധര്യം ഞങ്ങൾ ആവോളം നുകർന്നിരുന്നു.
മണി 12ആയിട്ടും മൂന്നാർ തണുപ്പിൽ നിന്നൂം മഞ്ഞിൽ നിന്നൂം ഉണർന്നിട്ടില്ലെ. മുല്ലപ്പെരിയാർ പ്രശ്നം മൂലമെന്നു തോന്നുന്നു, യാത്രികരുടെ തിരക്കും വളരെക്കുറവ്. മൂന്നാറിൽ സമയം കളയാതെ മറയൂർ ലക്ഷ്യം വെച്ചു ഞങ്ങൾ യാത്രതുടർന്നു. മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. ഈ യാത്രയിൽ കണ്ണിനു കുളിരേകാൻ ധാരാളം കാഴ്ച്ചകൾ ഉണ്ട്. വരയാടുകളുടെ ആവാസകേന്ദ്രമായ, നീലക്കുറിഞ്ഞി പൂക്കാറുള്ള രാജമലയുടെ എൻഡ്രൻസ് ഈ വഴിക്കാണു. പക്ഷെ ഇപ്പോൾ അവിടെ സന്ദർശനാനുമതിയില്ല(ഏപ്രീൽ ഒന്നു വരെ). അതിനാൽ തേയിലത്തോട്ടങ്ങളും ടീഫാക്ടറികളും കണ്ട് ഞങ്ങൾ ലക്കം വാട്ടർഫാൾസിലെത്തി.
ധാരാളം കുരങ്ങൻമാരുള്ള ഇവിടെ നല്ല തെളിഞ്ഞ വെള്ളവും കുളിക്കുവാനുള്ള സൗകര്യവും ഉണ്ട്. വെറും 60രൂപാ അടച്ചാൽ വനത്തിനുള്ളിലേക്ക് ഒരു ചെറിയ,എന്നാൽ സാമാന്യം റിസ്ക്കിയുമായ(കാരണം പിന്നെപ്പറയാം) ട്രെക്കിങ്ങ് സംവിധാനവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മറയൂരിലേക്ക്……… ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദനവനം ഇവിടെയാണ്‌. മറയ്യൂർ ശർക്കരക്കു പ്രസിദ്ധമായ, കേരളത്തിൽ ഏറ്റവും നന്നായി കരിമ്പുവിളയുന്ന, ചന്ദനമരങ്ങൾക്കു പേരുകേട്ട അതേ മറയൂർ.
മറയൂർ ടൗൺ എത്തുന്നതിനും മുൻപ് കാണാം വലിയ വേലികെട്ടിത്തിരിച്ച ചന്ദന ഫോറസ്റ്റും ചന്ദനമരങ്ങളും, പിന്നെ ഭാഗ്യമുണ്ടെങ്കിൽ മാത്രം അവക്കിടയിൽ വിലസുന്ന വന്യജീവികളെയും. ഇവിടെ മാനും, കാട്ടുപന്നിയും(WildBoar), കാട്ടുകോഴിയും,
കാട്ടുപോത്തും മറ്റും മുൻപുള്ള യാത്രകളിൽ ഞാൻ ധാരാളം കണ്ടിട്ടുണ്ട്.കുരങ്ങന്മാർ ധാരാളമുള്ള വഴിയിലൂടെ കാനനഭംഗി ആസ്വദിച്ച് ഞങ്ങൾ ശർക്കരയുടെ വിളനിലമായ മറയൂർ ടൗണിലെത്തി. പൂത്തു നിൽക്കുന്ന കരിമ്പുപാടങ്ങൾ എങ്ങും കാണാം. വിശപ്പിന്റെ വിളീ കലശലായതുകൊണ്ടും ഇനി അങ്ങോട്ട് ഭക്ഷണം കിട്ടാനുള്ള സാദ്ധ്യത കുറവായതിനാലും മറയൂരിൽ നിന്നും ഭക്ഷണവും കഴിച്ച് യാത്രതുടർന്നു. മറയൂർ ഗ്രാമഭംഗികഴിഞ്ഞാലുടൻ നമ്മൾ പ്രവേശിക്കുന്നത് ചിന്നാർ വന്യജീവി സങ്കേതത്തിലേക്കാണു. സിംഹമൊഴിച്ചുള്ള എല്ലാ വന്യജീവികളും ഉണ്ടെന്നവകാശപ്പെടുന്ന ഈ സങ്കേതം തമിഴ്നാട് അതിർത്തിമുതൽ ഇന്ദിര ഗാന്ധി നാഷ്ണൽ പാർക്കെന്നറിയപ്പെടുന്നു. മഴനിഴൽ വനമായതിനാൽ ചിന്നാർ മേഘലയിൽ എത്തുമ്പോൾ തന്നെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റം മനസിലാകും. വേനൽക്കാലത്തിൽ ഊഷരഭൂമിയാകുന്ന ഇവിടെ മഴ വെറും 50 സെ. മീ യിൽ താഴെമാത്രമാണുലഭിക്കുന്നത്. എങ്കിലും മഞ്ഞും തണുപ്പുമുള്ള ഇവിടം എല്ലാക്കാലത്തും സന്ദർശന യോഗ്യമാണു. ഇവിടെയാണു ചരിത്രപസിദ്ധമായ മുനിയറകൾ ഉള്ളത്. കാട്ടിലൂടെ നടക്കണമെന്നതിനാൽ ആ യാത്ര ഇനിഒരിക്കലേക്ക് മാറ്റി ഞങ്ങൾ യാത്ര തുടർന്നു. വഴിയുടെ വലതു വശത്തായി ശോഷിച്ച ഒരു നീർച്ചാലുപോലെ പാമ്പാര്‍. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിൽ ഒന്ന്. ദൂരെയായ് തൂവാനം വെള്ളച്ചാട്ടം കാണാം.
മഴക്കാലത്തു അതിശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടം ഇപ്പോൾ വളരെ മെലിഞ്ഞിരിക്കുന്നു. ഇപ്പോൾ വഴിയിലെങ്ങും കാണാം , വെളുത്ത രോമങ്ങളുള്ള വലിയ വാലുള്ള ഹനുമാൻ ലഗൂർ എന്ന കുരങ്ങുകളെ.
കൂട്ടത്തിൽ കുറച്ചു സാദാ കുരങ്ങുകളും.... അതിർത്തിയായ്…… ചെക്പോസ്റ്റിൽ വണ്ടി നംബറും മറ്റു ഡീറ്റയൽസും കൊടുക്കണം, ദൈവം സഹായിച്ച് ഇവിടെ ഫീസില്ല. ഈ വനത്തിലൂടെ 24മണിക്കൂറും വാഹനം കടത്തിവിടും പക്ഷെ രാത്രികാലങ്ങളിൽ യാത്ര അത്ര അഭികാമ്യമല്ല. ചെക്പോസ്റ്റ് കടന്നു യാത്ര തുടർന്നു. ഇനി കണ്ണും കാതും കൂർപ്പിച്ച് വേണം യാത്ര. ഓരൊ വളവിലും ശ്രദ്ധയോടെ കടന്നില്ലെങ്കിൽ ചിലപ്പോൾ……… ഹെയർപിൻ വളവുകൾ ഇറങ്ങി തമിൾനാടിന്റെ സമതലത്തിലേക്ക്……. വഴിയിൽ മാർഗതടസമായ് കുരങ്ങുകളും. ഒരു വലിയ കീരി റൊഡുമുറിച്ച് കടന്നു പോകുന്നു. രണ്ടാമത്തെ വളവുതിരിഞ്ഞപ്പോൾ തന്നെ കണ്ടു ദൂരെയായ് മണ്ണിൽകുളിച്ചുനിന്നു പച്ചിലകൾ തിന്നുന്ന ഒരു സഹ്യപുത്രൻ.
മരങ്ങൾക്കിടയിലൂടെ ഇത്രയും മാത്രമേ ക്യാമറക്കണ്ണുകൾക്ക് കാണാൻസാധിച്ചൊള്ളു. …………………… വഴിനിറയെ പലതരത്തിലുള്ള പക്ഷികൾ. കൂട്ടത്തിൽ പുള്ളിപ്രാവെന്ന ഡോട്ടഡ് ഡോവിനെ മാത്രമേ എനിക്കു പരിചയമുള്ളൂ.
ജോഷിക്കാണെങ്കിൽ എല്ലാം പറവമാത്രം. അമരാവതി റിസർവോയറിന്റെ ഭാഗ്ഗമായ പാലത്തിൽ എത്തിയപ്പൊൾ ധാരാളം പക്ഷികളെ വേറെ കണ്ടു. ഇത്തവണ പരിചയക്കാരുണ്ട്, കൊറ്റികൾ, മയിലുകൾ, കുരുവികൾ പിന്നെ പറവകളും. കുറ്റിക്കാടുകൾക്കിടയിലൂടെ ഒരു കാട്ടുപന്നി ഓടിമറഞ്ഞു
.ക്യാമറയിൽ ക്ളിക്കാനുള്ള സമയം പോലും പലപ്പോഴും കിട്ടാറില്ല!. ഇനിയങ്ങോട്ട് സൂക്ഷിക്കണം ചിലപ്പോൾ വഴിയിൽ ആനകാണും. ഞാൻ ജോഷിയോട് പറഞ്ഞു, പക്ഷെ അവൻ കൂൾ. പെൺപിള്ളെരെ നോക്കി നല്ല തഴക്കവും പഴക്കവമ്മുള്ള അവന്റെ X-RAYകണ്ണുകൾ തലങ്ങും വിലങ്ങും MRIയും CT സ്കാനിങ്ങും നടത്താൻ തുടങ്ങി. വനം പിന്നിട്ട് ഞങ്ങൾ തമിഴ്നാടിന്റെ മാന്തൊപ്പുകളിൽ എത്തി, ലെഫ്റ്റ് തിരിഞ്ഞു 5 കിലോ കൂടി ഓടി അമരാവതി ഡാമിൽ എത്തി. ഇവിടെ നമുക്ക് ഫോട്ടൊ എടുക്കാം വെള്ളത്തിൽ ഇറങ്ങാം തലകുത്തിമറിയാം ചോദിക്കാനും പറയാനും ആരുമില്ല. പക്ഷെ ആരും വെള്ളത്തിൽമാത്രം ഇറങ്ങില്ല. കാരണം തൊട്ടടുത്താ മുതലവളർത്തൽ കേന്ദ്രം. ഒരെണ്ണം എങ്ങാനും വേലിചാടിവന്നാൽ മതിയല്ലൊ.(പണ്ട് നെയ്യാർ ഡാമിൽ മുഖം കഴുകിയതിനു കേട്ട തെറിയുടെ പുളിപ്പ് ഇപ്പോഴും ചെവിയിൽ ഉണ്ട് ).
ആ…. മുതല! ഇനി അങ്ങോട്ട്……, അയ്യേ!!! അവിടെ എൻടൻസ് ഫീ 50പൈസയെ ഉള്ളൂ ക്യാമറക്കു പക്ഷെ 25രൂപാവേണം. അതെനിക്കിഷ്ടായില്ല. അതുകൊണ്ട് ക്യാമറപാസ് വേണ്ടാന്നങ്ങട് വെച്ചു!!!!. പറ്റിക്കാന്നാ കരുതിയത്. പക്ഷേ ആ കശ്മലൻ കൂടെവന്നു. അതൊണ്ട് ഫോട്ടം പിടി റീസ്ക്കായിരുന്നു. ഇഷ്ടം പോലെ മുതലയുണ്ട്, പക്ഷെ എല്ലാം ഭയങ്കര മടിയന്മാരാ. ഞാൻ ഒച്ചവെച്ചും കുത്തിയും നോക്കിയിട്ടും ആ നിക്രിഷ്ടജീവികൾ അനങ്ങിയില്ല.
പക്ഷെ മുതലകളുടെ പീഡിയാട്രിക് വാർഡിൽ അനക്കമൊക്കെയുണ്ട്. അയ്യോ മണി 5.30കഴിഞ്ഞു. ദൈവമെ ഇനി146കിലോ തിരിച്ചുപോകാനുള്ളതാ. അതും ഈ ആനക്കാട്ടിലൂടെ, വാ വാ വെക്കം പോകാം. അമരാവതിയിൽനിന്നും ഒരു തമിഴ് ചായയും കുടിച്ച് മടക്കയാത്ര. സന്ധ്യമയങ്ങാൻ പോകുന്നു. ഇനി വഴിയിൽ ആനകാണും, വളരെ പതുക്കെയാണൂ റൈഡിങ്. 2കിലോ കഴിഞ്ഞില്ല പുറകിൽ ഇരുന്ന് ജോഷി അലറി അയ്യോ ആന!!!!!! കേട്ടപാതി ഞാൻ വണ്ടി നിറുത്തി.(ഞാൻ കരുതിയത് ആന മുന്നിലാണെന്നാ) ഇടതുവശത്തായി 10അടി അകലത്തിൽ ഒന്നല്ല മൂന്നെണ്ണം!!!
മരച്ചില്ലകൾ ഒടിച്ച് കഴിക്കുന്നു. ഒരെണ്ണം പൂഴിവാരി എറിയുന്നു, അത് ഞങ്ങളുടെ അടുത്തുവരെ തെറിക്കുന്നുണ്ട്. ശ്വാസം വിടാറായപ്പൊൾ ഞാൻ വണ്ടി മുന്നൊട്ടെടുത്തു. അപ്പൊഴേക്കും മറ്റൊരു വണ്ടിവന്നു. പിന്നെ എനിക്കു ധൈര്യം വന്നു. അതുകൊണ്ട് സെയ്ഫായ അകലത്തിൽ നിന്നു അതിനെ കണ്ണൂനിറച്ചു കണ്ടു. ഇവിടെ വന്യജീവികൾ പൊതുവെ ശാന്തസ്വഭാവക്കാരാണെന്നാ കേട്ടിട്ടുള്ളത്.(എന്നാലും ഇത്രേം അകലെമതി) കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും വഴിയിൽ നിൽക്കുന്നു രണ്ടു മ്ളാവ്(sambar deer)
ഞങ്ങളെ കണ്ടപാടെ അതോടി പുറകെ ജോഷിയും. പിന്നെ കണ്ടത് പാറക്കൂട്ടത്തിൽ നിന്നും ഞങ്ങളെ നോക്കിനിൽക്കുന്ന പുള്ളിമാനുകളെയാണു
നേരം ഇരുട്ടി!!! തിരികെ മറയൂർകടന്നു ചന്ദന വനത്തിലെത്തിയപ്പൊൾ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലായ് ഒരു കാട്ടുപോത്തിനേയും കണ്ടു. രാത്രികാലങ്ങളിൽ മറ്റു വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി മാനും പോത്തും മറ്റും വെളിച്ചമുള്ളിടത്തും മനുഷ്യവാസമുള്ളിടത്തും നിൽക്കുമെന്നു ഞാൻ പണ്ടെ കേട്ടിട്ടുണ്ട്. പക്ഷെ വേലികാരണം അതിനെ ക്യാമറയിലാക്കാൻ കഴിഞ്ഞില്ല.
യാത്രയിടെ അവസാന പാദത്തിൽ മഞ്ഞിൽകുളിച്ചുനിൽക്കുന്ന തേയിലക്കാടൂകൾക്കിടയിലൂടെ മരം കോച്ചുന്ന തണുപ്പിൽ പതിയെ……. പെട്ടന്നു കാറ്റുവീശി…. വഴികാണാത്തവിധം കോടമഞ്ഞ്!!!! അതുകൊണ്ടും, വിശ്രമിക്കാനും വേണ്ടി തുറസായഒരിടത്തു വണ്ടി നിറുത്തി. ലക്കം എസ്റ്റേറ്റിന്റെ ഭാഗമായ ഒരിടം. ഒരു വശം തേയിലക്കാടും മറുവശം ചോലക്കാടും ഉള്ള ഉയർന്ന ഒരു പ്രദേശം!!!. പെട്ടന്നു ഒരു ലോറി ഞങ്ങൾക്കരികിലായ് നിറുത്തി ഞങ്ങളോടായ് ചോദിച്ചു എന്താ വണ്ടിക്കെന്തെങ്കിലും? മലനാട്ടിൽ അങ്ങനെയാ, അസ്സമയത്ത് ആരെങ്കിലും വണ്ടി നിറുത്തിയാൽ മറ്റുള്ളവർ സഹായിക്കും. അത് ഈ ഭൂമിശാസ്തത്തിന്റെ പ്രത്യേകത കാരണമാ. അതൊർത്ത് ഞാൻ പറഞ്ഞു, ചേട്ടൻ മാരെ ഞാൻ ചുമ്മാ മഞ്ഞുകാണാൻ നിറുത്തിയതാ!!!!. പക്ഷേ അവർ പറഞ്ഞപ്പോഴാ ഞങ്ങൾ നിൽക്കുന്നിടത്തെ അപകടം മനസിലായതു. അത് ഒറ്റയാൻ ഇറങ്ങുന്ന പ്രദേശമാണത്രെ.(അവിടം മുതൽ കണ്ണിമാറ എസ്റ്റേറ്റിന്റെ അടുത്തുവരെ ആ ആന വരാറുണ്ടത്രെ) പ്രദേശവാസികൾ “പടയ്യപ്പ” എന്ന് വിളിക്കുന്ന ഈ ആന അത്യധികം അപകടകാരിയും മൂന്നുനാലുപേരുടെ ഘാതകനുമാണെന്നാണു അറിയാൻ കഴിഞ്ഞത്. ഇത്രയും കേട്ടപാതിഞാൻ വണ്ടിയിൽ കയറി. ആ ചേട്ടൻ മാർ പറഞ്ഞു, ഇന്ന് മഞ്ഞ് കൂടുതലായതിനാൽ അവൻ അടുത്തുവന്നാൽ മാത്രമേ കാണാൻ കഴിയൂ അതിനാൽ അവരുടെ വാഹനത്തിന്റെ പുറകിൽ വന്നാൽ മതിയെന്ന്. ടെൻഷൻ നിറഞ്ഞ അര മണിക്കൂറിനു ശേഷം ഞങ്ങൾ മൂന്നാറിലെത്തി പൈലറ്റായി അവരും. ഇതാണൂ ഞാൻ ആദ്യം പറഞ്ഞ റിസ്ക്ക്. പിന്നീട് മൂന്നാറിൽനിന്നും ഇതുമുഴുവൻ സത്യമാണെന്നാണു എനിക്കു അറിയാൻ സാധിച്ചത്. മൂന്നാറിൽനിന്നും അടിമാലി ഊന്നുകൽ വഴി രാത്രി 11മണിയോടെ വീട്ടിലെത്തിയപ്പോൾ മനസ് നിറഞ്ഞിരുന്നു. ആദ്യമായാണു ഒരു യാത്രയിൽ ഇത്ര അധികം ജീവികളെ ഒരുമിച്ചു കാണാൻ സാധിച്ചത്. അതിനാൽ തന്നെ ഇത്രനീണ്ടയാത്രയായിട്ടും മടുക്കാതെ മനസ് ത്രില്ലിൽ ആയിരുന്നു. ഇപ്പോഴും മാറാതെയുണ്ട് ആ ത്രിൽ……..

2 comments:

നിരക്ഷരൻ said...

നിറയെ കാട്ടുമൃഗങ്ങളെ കണ്ട്, അതേസമയം അപകടം ഒന്നും ഉണ്ടാകാതെ പോകാൻ പറ്റുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്. മൂന്നാറിനപ്പുറം പോയിട്ടില്ല ഇതുവരെ. ഒരിക്കൽ പോകുമ്പോൾ ഈ വിവരണം ഉപകരിക്കുമെന്ന് ഉറപ്പ്. നന്ദി റിജോ.

Unknown said...

യാത്ര.കോം വഴിയാണ് ഇവിടെ വന്നത്. വായിച്ചു. നന്നായിരിക്കുന്നു.